Tuesday, October 23, 2012


 
       അന്വേഷണം

ചിലരങ്ങനെയാണ്,
കളഞ്ഞു പോയതെന്തോ തിരയുന്ന ജീവിതം.

വെള്ളത്തിന്‍റെ വേര് തേടിപ്പോയ നാവികന്‍ 
പറഞ്ഞു തന്ന കഥകളെ അറിയൂ..
എന്നിട്ടും ആഴമറിഞ്ഞു.

കത്തിയെരിഞ്ഞൊരു നക്ഷത്രം 
പാഞ്ഞു പോയ വഴി കണ്ടതേയുള്ളൂ.
എന്നിട്ടും ദൂരമറിഞ്ഞു.

കാടുകള്‍ കടന്ന് മഴ നനഞ്ഞെത്തിയ
കാറ്റൊന്നു തൊട്ടതേയുള്ളൂ,
പ്രണയത്തിന്‍ ആനന്ദനൃത്തം.

അടഞ്ഞ കണ്ണുകളില്‍
സ്വപ്നത്തിന്‍ അലമുറ കേട്ടതേയുള്ളൂ...
നിതാന്ത നിദ്രയറിഞ്ഞു.

നിരാലംബമായ്‌ നില്‍ക്കുന്നൊരു
തുണ്ട് മേഘക്കീറില്‍
ഒറ്റയ്ക്കൊരുവന്‍റെ കരച്ചില്‍ കേട്ടു.

കൈ വിടാനൊന്നും നേടിയില്ല
എന്നിട്ടും,

ചിലരങ്ങനെയാണ്,
കളഞ്ഞു പോയതെന്തോ 
തിരയുന്ന ജീവിതം.


സാരി

ചുറ്റിച്ചുറ്റിച്ചുറ്റിച്ചുറ്റി
കുന്നും കുഴിയും കയറിയിറങ്ങി
ഒളിവിടങ്ങളില്‍ ഓളം തല്ലി
മഴവില്‍പ്പീലി വിടര്‍ത്തി
ഒറ്റയ്ക്ക് നിന്ന കരയെ നെടുകെ പിളര്‍ത്തി
ചന്തത്തിലൊരു നടതാളം ചൊല്ലി
ഉടലൊരു തടവാക്കി
തഴുകിയൊഴുകി,യൊഴുകിയൊരു പുഴ 








   ചുവപ്പ്

വിപ്ലവത്തിനും പ്രണയത്തിനും 
ഇന്ന് ഒരേ ചുവപ്പ്..

ജീവിതം അട്ടിമറിക്കപ്പെടുമ്പോള്‍ 
ചുവക്കാതെ വയ്യ....തുടുക്കാതെ വയ്യ ....





Monday, October 22, 2012




 മുറിവ് 

നഖം കൊണ്ട് പോറിയതെ ഉള്ളു  
വല്ലാത്ത നീറ്റല്‍ ,പുകച്ചില്‍
അമ്മ ചൊടിച്ചു  
അപ്പോഴേ പറഞ്ഞതാ
അച്ഛന്‍ ഭയന്നു 
വൃണമാകുമോ !
കൂട്ടുകാരിയുടെ സാന്ത്വനം 
ഉപ്പ് പുരട്ടിയാല്‍ മതി 
ഉപ്പിന് മേല്‍ഉപ്പ് പുരട്ടിയെത്ര നാള്‍ 
എത്ര നാള്‍ വേണം 
ഒരു മുറിവിന്‍ മുഖം മൂടാന്‍ !

Monday, September 10, 2012


          



            നിഘണ്ടു 

കടല്‍ച്ചേതത്തില്‍  വഴിതെറ്റിയ നാവികന്‍റെ
അഭയദ്വീപല്ല ജീവിതം,
വന്‍കരകളെ കീഴടക്കിയ
 സഞ്ചാരിയുടെ ആഘോഷം ..

ഇനിയും വരാമെന്നു 
വെറും വാക്ക് പറഞ്ഞിറങ്ങിപ്പോകുന്ന 
വിരുന്നല്ല പ്രണയം,
ഒടുവിലത്തെ അത്താഴം പോലെ 
മരണത്തിന് മുന്‍പുള്ള സ്വയംഹത്യ.

തുറന്നിട്ട വാതിലിലൂടെ 
ഇറങ്ങി നടപ്പല്ല വിപ്ലവം,
പൌരാണിക തടവറകളുടെ ഭേദനം 

മരണം...ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാതെ
ചുമ്മാ ഒരു പോക്ക്....
മറുവശത്തെ നിതാന്ത ശൂന്യത.









    അമ്മ സാക്ഷി


ഇനി പാതിരാവില്‍ കാലൊച്ചയോര്‍ക്കേണ്ട

എപ്പോഴുമവന്‍ നിന്റെ കണ്ണിന്റെ തടവില്‍.

പാതിയുണര്‍വില്‍ സ്നേഹം വിളമ്പേണ്ട
ഇനിയവന്‍ നക്ഷത്രങ്ങള്‍ക്കൊപ്പം
നിലാവ് കുടിച്ചുറങ്ങും.

നെഞ്ചിടിപ്പിനൊപ്പം ചേര്‍ത്ത് പിടിക്കേണ്ട
മുഷ്ടികള്‍ക്കുള്ളിലെ വെള്ളി വെളിച്ചമായ്‌
കൂട്ടുകാര്‍ അവനെ വാനിലേക്കുയര്‍ത്തും.

ഇടവഴിയിലിരുട്ടിനെ പഴിക്കേണ്ട
അവനിനി സൂര്യ ചന്ദ്രന്മാര്‍ കാവല്‍.

ബലികുടീരങ്ങളില്‍ മഴ കിനിഞ്ഞിറങ്ങുന്ന രാത്രികളില്‍
അവനു പുതപ്പായ്
രക്തസാക്ഷിക്കിനി അമ്മ സാക്ഷി